ഏലിയാ – സ്ലീവാ – മൂശ, ഞായർ 6
ഏശ 26: 1-11, ഫിലി 4:4-9, മത്തായി:15:21-28
സംവാദങ്ങളാൽ സംശുദ്ധമാകുന്ന വിശ്വാസം
വിജയ് പി.ജോയി
കടുക് മണിയോളം ചെറിയൊരു വിശ്വാസമെങ്കിലും നിങ്ങൾക്കുണ്ടാകട്ടെ എന്ന് പറഞ്ഞും പഠിപ്പിച്ചും നടന്ന ഒരു ഗുരുവിനു മുമ്പിൽ അടിമുടി വിശ്വസത്താൽ നിറഞ്ഞ ഒരുവൾ വന്നു നിൽക്കുന്നു. അവളുടെ വിശ്വാസം തിരിച്ചറിഞ്ഞ ഗുരു അവളെ നോക്കി ഇങ്ങനെ അരുളിച്ചെയ്തു. ‘നിൻറെ വിശ്വാസം ചെറുതല്ല, വലുതത്രേ. നിന്റെ സ്വപ്‌നങ്ങൾ സഫലമാകട്ടെ”
പുതിയ വ്യാഖ്യാനങ്ങളും വിചിന്തനങ്ങളും എഴുതി ചേർത്താലും വിശ്വാസം തന്നെയാണ് ഈ വചന ഭാഗത്തിന്റെ കാതൽ. പൂർവ്വ പിതാക്കളെയും ബൈബിളിലെ ഉജ്വല കഥാപാത്രങ്ങളെയും പോലെ മഹത്വമുള്ളവളായി തീരുന്ന ഒരു വിജാതീയ സ്ത്രീ. ശപിക്കപ്പെട്ട ഒരു ജനതയുടെ പ്രതിനിധിയാണവൾ. പക്ഷേ, കാനാൻകാരി എന്ന ആ വിശേഷണം പിന്നീടവൾക്കുള്ള വാഴ്ത്തായി മാറുന്നു. വിശ്വാസം മൂലമാണ് അവളാ രക്ഷയും മഹത്വവും നേടിയെടുത്തത്. രക്ഷ സാർവത്രികമാണെന്നതിന്റെ മുദ്ര വയ്ക്കൽ കൂടിയായി അവളുടെ മകളുടെ സൗഖ്യം.
“കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”
എന്നതായിരുന്നു അവളുടെ വിശ്വാസപ്രഖ്യാപനം. എന്നാൽ അതിൽ സംപ്രീതനാകാതെ ദൈവമിതാ നിശബ്ദനായി തുടരുന്നു. അടുത്ത ഘട്ടത്തിലാകട്ടെ ശത്രുവിനോടെന്ന പോലെയാണ് അzവന്റെ പ്രതികരണം. തിരസ്കരണവും അപമാനവും. എന്നിട്ടും അവൾ വിശ്വാസം കൈവെടിയുന്നില്ല. തീക്ഷ്‌ണതയോടെ തന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നു. മറ്റെവിടെ പോയാലും തന്റെ ആഗ്രഹം (മകളുടെ സൗഖ്യം) പൂർത്തീകരിക്കാനാവില്ലെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. ജയിക്കണമെങ്കിൽ ഇവിടെ ജയിക്കണമെന്ന് അവൾക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. ഒടുവിൽ അവളുടെ ശാഠ്യങ്ങൾക്കു മുമ്പിൽ ക്രിസ്തു തോറ്റു കൊടുക്കുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ മടിച്ചു നിന്ന ക്രിസ്തു ഇതാ, വീണ്ടും ഒരമ്മയുടെ നിർബന്ധത്തിന് വഴങ്ങി തന്റെ മഹത്വം വെളിപ്പെടുത്തുന്നു.
“ദൈവത്തെ അംഗീകരിക്കുകയും അവനിൽ വിശ്വാസമർപ്പിക്കുകയും മാത്രമാണ് നിങ്ങൾ ചെയ്യണ്ടത്. അപ്പോൾ നിങ്ങൾ ഓരോരുത്തരും അവന്റെ പാതയുടെ ഭാഗമായി തീരും. അവന്റെ മഹാത്ഭുതങ്ങളുടെ വാഹകരും” -പൗലോ കൊയ്‌ലോ.
ജീവിതത്തിന് സൗഖ്യവും സംരക്ഷണവും നൽകാൻ ദൈവത്തിനു മാത്രമേ സാധിക്കൂ എന്നൊരു ഓർമ്മപ്പെടുത്തൽ കൂടി കാനാൻകാരി പങ്കുവയ്ക്കുന്നുണ്ട്. അവൾ മറ്റെങ്ങും സഹായം തേടി പോകുന്നില്ല. തിരിച്ചറിഞ്ഞ ദൈവത്തിനു വേണ്ടി കാത്തിരിക്കുന്നു.കണ്ടുമുട്ടിയപ്പോഴാകട്ടെ അവനെ വിട്ടു പിരിയുന്നുമില്ല. മക്കളെയൊക്കെ മനുഷ്യരും പിശാചുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നുവെന്നു ആകുലപ്പെട്ട്, വഴി നീളെ പ്രസംഗിച്ചു നടക്കുകയും മനുഷ്യരെ കൂടെ കൂട്ടി പ്രതിരോധം തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന് മുമ്പ് ദിവ്യകാരുണ്യസന്നിധിയിലണയാൻ അവളുടെ വിശ്വാസം പ്രചോദനമാകട്ടെ. മക്കളെ ദൈവകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ക്രിസ്തുവിലുള്ള വിശ്വാസം ഉറപ്പുള്ളതാണെങ്കിൽ മക്കൾക്ക് വേണ്ടി ഉറച്ച കോട്ടയുടെ സംരക്ഷണം അവൻ ഒരുക്കുക തന്നെ ചെയ്യും. ഉറപ്പ്. ഓർക്കുക, രക്ഷിക്കപ്പെടാൻ യോഗ്യതയുള്ളവരാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഓരോ വിശ്വാസിക്കുമുണ്ട്.
വിജാതീയരിലെ വെളിച്ചം
സൂര്യന് മുമ്പിലിരുന്ന് ഒരു മിന്നാമിന്നി പ്രകാശം പരത്തുന്നു. വൻ പ്രഭയോട് മത്സരിക്കാൻ പോന്ന തീക്ഷണതയൊന്നുമില്ലതിന്. പക്ഷേ, അന്ധകാരത്തിൽ കഴിയുന്ന ഒരുവന് പ്രതീക്ഷ പകരാൻ പോന്ന ഒരു ചെറുപ്രകാശം.
ക്രിസ്തുവാകുന്ന പ്രകാശത്തെ ആദ്യം കണ്ടെത്തിയതും പ്രകാശിതരായതും കൂടുതലും യഹൂദ മതത്തിനു പുറത്തുള്ളവരായിരുന്നു.കാനാൻകാരി ആ നിരയിലെ പ്രധാനിയാകുന്നു.
ജന്മം കൊണ്ട് രക്ഷാകര പദ്ധതിക്ക് പുറത്തായവളായിരുന്നു ആ വിജാതീയ സ്ത്രീ. പാലിക്കുന്ന ആചാരങ്ങളും പിന്തുടരുന്ന പാരമ്പര്യങ്ങളും യേശുവിന്റേതിൽ നിന്നും തികച്ചും വ്യത്യസ്തം. എന്നാൽ അവയുടെ പേരിൽ താൻ ആരെയും ഒഴിവാക്കാനാഗ്രഹിക്കുന്നില്ലെന്ന് ഒടുവിൽ ക്രിസ്തു അസനിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. മതത്തിന്റെ മതിൽക്കെട്ടിനു പുറത്തേക്ക് ക്രിസ്തു രക്ഷയെ തുറന്നു വിടുന്നു. ഇതര മതവിഭാഗങ്ങളിലെ നന്മകൾ എത്ര ചെറുതാണെങ്കിലും അവയെ അംഗീകരിക്കാനുള്ള ധൈര്യവും വിശാലതയുമാണ് ക്രിസ്തു ഇവിടെ പ്രദർശിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികൾ മറ്റ് മതങ്ങളിലുമുണ്ടെന്ന് പ്രഖ്യാപിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിലിന് കരുത്ത് പകർന്നതും ഈ നിലപാട് തന്നെ.
മനുഷ്യൻ ഏതാവസ്ഥയിലായിരുന്നാലും അവന്റെ നന്മയിൽ അപാരമായ വിശ്വാസം ക്രിസ്തു അർപ്പിച്ചിരുന്നു എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം. ആകയാൽ കുറേക്കൂടി ആദരവോടെ, മറ്റ് ജനവിഭാഗങ്ങളെ നോക്കി കാണാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ഇന്നിന്റെ ആവശ്യവുമാണത്. ഓരോരുത്തരെയും രക്ഷിക്കാൻ ദൈവത്തിന് വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങളും വഴികളും ഉണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യപടി. വൈജാത്യങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻവിധികളെ മാറ്റി നിറുത്തി ഒരുവന്റെ സാധ്യതകളിലേക്ക്, അവന്റെ വേദനകളിലേക്ക്, അവന്റെ ഉള്ളിൽ തുടിക്കുന്ന പരമചൈതന്യത്തിലേക്ക് ഇനി മുതൽ നമ്മുടെ നോട്ടം പതിയണം. അപ്പോൾ എല്ലാവരും സ്നേഹിക്കപ്പെടേണ്ടവരാണെന്നും ദൈവം എന്നത് എല്ലാവരുടേതും എല്ലാവരിലുമാണെന്നുമുള്ള വെട്ടങ്ങൾ കിട്ടും. ആ വെട്ടത്തിൽ ഇങ്ങനെ കുളിച്ചു നിൽക്കാൻ കഴിയുമ്പോൾ മാത്രമാണ് എല്ലാവർക്കും അപ്പം നൽകുന്ന ദൈവത്തിന്റെ മക്കളായി നാം മാറുകയുള്ളൂ.
മനുഷ്യരെ മാത്രമല്ല പ്രപഞ്ചത്തിലെ സകലതിനെയും സാഹോദര്യത്തോടെ നോക്കി കണ്ട അസ്സീസിയിലെ ഫ്രാൻസിസ് ഈ ദിനങ്ങളിൽ ഓർമകളിൽ നിറയുമ്പോൾ അവനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം “ഞങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കേണമേ…”
സംവാദങ്ങളിലെ സമത്വം
പന്ത്രണ്ടാം വയസ്സിൽ ആചാര്യന്മാരുമായി സംവാദത്തിൽ ഏർപ്പെട്ടവൻ. പിന്നീടങ്ങോട് ഫരിസേയരെയും നിയമജ്ഞരെയും തർക്കങ്ങളിൽ ഉത്തരം മുട്ടിച്ചവൻ. അവന്റെ മുമ്പിലിതാ നിഷ്‌കളങ്ക ചോദ്യങ്ങളുമായി ഒരു സ്ത്രീ എഴുന്നേറ്റു നിൽക്കുന്നു.
ആവശ്യങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി യാചന മാത്രമല്ല, വേണ്ടി വന്നാൽ ദൈവത്തോടൊന്ന് കലഹിക്കാനും സ്വാതന്ത്ര്യമുണ്ടെന്നതിന്റെ തെളിവാണ് കാനൻകാരിയുടെ സംഭാഷണം. ചോദ്യങ്ങളുന്നയിച്ചതിന്റെ പേരിൽ ശാപമോ താക്കീതോ ഇല്ല. അത്തരമൊരു ദൈവസങ്കല്പം തന്നെ മനുഷ്യന്റെ സമസ്യകൾക്ക് ഉത്തരം തേടാനും പ്രശ്നങ്ങളിൽ ആശ്വാസം കണ്ടെത്താനും ഉപകരിക്കും.
സംവാദത്തിന്റെ വഴികളിലൂടെയാണ് ക്രിസ്തുവും കാനൻകാരിയും സഞ്ചരിക്കുന്നത്. അതിനൊടുവിൽ അവളുടെ നിഗമനങ്ങൾക്കും നിലപാടുകൾക്കും ക്രിസ്തു അംഗീകാരം നൽകുന്നു. ക്രിസ്തു തോറ്റു പോയി എന്നെഴുതിയാൽ അതൊരു ദൈവദൂഷണമാകില്ലെന്ന് കരുതുന്നു. ഇനി അതല്ല, ക്രിസ്തു അവളെ പരീക്ഷിക്കുകയായിരുന്നു എന്നൊരു ഭാഷ്യം ചമച്ചാലും അതിൽ ആ സാധു സ്ത്രീ വിജയിച്ചു എന്ന് തന്നെ നാം അംഗീകരിക്കണം. ക്രിസ്തു തോറ്റു കൊടുത്തു എന്നതായിരിക്കാം കുറെക്കൂടി മെച്ചമായ ഒരു നിഗമനം. സ്നേഹപൂർവ്വകമായ ഒരു തോറ്റു കൊടുക്കൽ, വെല്ലുവിളകളില്ലാത്ത ഒരു പിൻവാങ്ങൽ.
ഓൺലൈനായാലും ഓഫ്‌ലൈനായാലും ചർച്ചകൾക്ക് ചൂടും വാശിയും ഏറി വരുകയാണ്. സ്വന്തം ദൈവം പരാജയപ്പെട്ടു പോകുമെന്ന ഭീതിയിലാണ് പലരുടെയും തർക്കങ്ങൾ. ദൈവത്തിന് വേണ്ടിയെന്ന് പറഞ്ഞുള്ള ആ വാക്പോരാട്ടങ്ങളിൽ സംഘം ചേർന്ന് വ്യത്യസ്ത വീക്ഷണങ്ങളുള്ളവരെ തെരഞ്ഞു പിടിച്ചു, ഒറ്റപ്പെടുത്തി, ഇകഴ്ത്താനും തോൽപ്പിക്കാനും ഏത് കുതന്ത്രം മെനയാനും ആർക്കും മടിയില്ലാതായിരിക്കുന്നു. സമാന ആശയങ്ങൾക്കു വേണ്ടി മാത്രമാണ് ലൈക്‌സും കൈയ്യടികളും. സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ അവിടെ ഛിന്നഭിന്നമാകുന്നു. ആദരവിന്റെ ഭാഷയാകട്ടെ സൈബറിടങ്ങളിൽ നിന്നും പതുക്കെ മാഞ്ഞു തുടങ്ങിയിരിക്കുന്നു. ആശയങ്ങളുടെ പങ്കുവയ്ക്കലല്ല വ്യക്തിഹത്യകളാണ് ഇന്നവിടെ നടമാടുന്നത്. വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്നവർ ശത്രുക്കളല്ല പ്രത്യുത, പരസ്പരം കേൾക്കാനായി ദൈവം തന്ന ദാനങ്ങളാണെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമൊന്നും ആരുടേയും കർണ്ണപുടങ്ങളിൽ പതിക്കുന്നില്ല. ചർച്ചകൾക്കെല്ലാമൊടുവിൽ അവശേഷിക്കുന്നത് മുറിഞ്ഞു പോയ ബന്ധങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിവുകളും മാത്രം.
അവിടെയാണ് ക്രിസ്തു നമുക്ക് മാതൃകയും വെല്ലുവിളിയുമാകുന്നത്. ഇതര വിഭാഗത്തിൽപ്പെട്ട ഒരു സാധാരണക്കാരിയുടെ കൃത്യവും സത്യസന്ധവുമായ ചോദ്യങ്ങൾക്ക് അംഗീകാരം നൽകി, അവൾക്ക് നന്മകൾ നേർന്ന് ഗുരുവായവൻ പിൻവാങ്ങുന്നു. സ്വന്തം പിടിവാശികളെ വിട്ടുകളഞ്ഞും ചിലരുടെ പിടിവാശികൾക്കു മാപ്പ് കൊടുത്തും മുന്നോട്ട് പോകാനാണ് അവൻ നമ്മെ ക്ഷണിക്കുന്നത്.
സർവ്വരും ചേർന്ന് പൊങ്കാലയിട്ട ഒരു പോസ്റ്റിനും പാളിപ്പോയ ഒരു കമന്റിനും മുമ്പിൽ തല കുമ്പിട്ട് നിൽക്കേണ്ടി വരുമ്പോൾ പണ്ടൊരു സംവാദത്തിൽ പരാജയപ്പെട്ടവനായിരുന്നു എന്റെ ദൈവം എന്ന് ഓർത്തെടുക്കുന്നത് തന്നെയാകും ആശ്വാസം കണ്ടെത്താനും വാശി വെടിയാനും ഒരുവനെ സഹായിക്കുക.
“കരയുവാനാവാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കാനാവാത്ത ദർശനങ്ങളിൽ നിന്നും ഒരു പിഞ്ചുകുഞ്ഞിന്റെ മുന്നിൽ തല കുനിക്കാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും ഞങ്ങളെ അകറ്റി നിറുത്തുക”- ജിബ്രാൻ
അടർന്നു വീഴുന്ന അപ്പക്കഷണങ്ങൾ
സാന്ത്വനവും സൗഖ്യവും പകരാൻ പോന്ന ഒരു വാക്ക്, കരുണാർദ്രമായ ഒരു ഇടപെടൽ – കാനാൻകാരി ആഗ്രഹിച്ച അപ്പക്കഷ്ണങ്ങൾ അവയായിരുന്നു. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനകളും അത്തരം ചില അപ്പക്കഷണങ്ങൾക്ക് വേണ്ടി തന്നെയാണ്. പക്ഷേ, നമ്മോടും ചിലരൊക്കെ അപ്പക്കഷണങ്ങൾ യാചിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം. ഇന്നൊരല്പം നേരത്തെ വരണമെന്ന് മെസേജ് അയക്കുന്ന ഭാര്യ, മൊബൈലൊക്കെ മാറ്റി വച്ച് 5 മിനിറ്റ് നേരം ഞങ്ങൾക്കൊപ്പം കളിക്കണമെന്ന് വാശി പിടിക്കുന്ന കുഞ്ഞുങ്ങൾ, ഫീസടയ്ക്കാൻ ഒരു ദിവസം കൂടി നല്കണമെന്നപേക്ഷിക്കുന്ന ഒരു വിദ്യാർത്ഥി, അംഗീകാരത്തിന്റെ ഒരു വാക്കിനു വേണ്ടി താഴ്മയോടെ നിൽക്കുന്ന നിങ്ങളുടെ ഒരു കീഴ്‌ജീവനക്കാരൻ, മേടിച്ച കടം തിരികെ തരാൻ ഒരു മാസത്തെ കൂടി സാവകാശം ചോദിക്കുന്ന അയൽവാസി, ഒരു ചില്ലറക്കാശെങ്കിലും തന്നിട്ട് പോകാൻ കെഞ്ചുന്ന വഴിയരികിലെ യാചകസ്‌ത്രീ. എല്ലാവരും അപേക്ഷിക്കുന്നത് നിസ്സാരങ്ങളായ അപ്പക്കഷണങ്ങൾക്ക് വേണ്ടിയാണ്. അവരോടെല്ലാം ആദരവോടും സ്നേഹത്തോടും കൂടെ പെരുമാറാനായാൽ, അവർക്ക് മുമ്പിൽ ഒന്നു തോറ്റുകൊടുക്കാൻ മനസ്സ് കാണിച്ചാൽ, ആർക്കും സമ്മർദങ്ങളേകാതെ ശാന്തമായി ജീവിക്കാനായാൽ ക്രിസ്തു നമ്മെ നോക്കി ഇങ്ങനെ അരുളിച്ചെയ്യും, നിന്റെ വിശ്വാസം മാത്രമല്ല, സ്നേഹവും വലുതാണ്.
(കൊച്ചി റിഫൈനറീസിൽ ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണു ലേഖകൻ)
Publisher: Fr. Paul Kottackal (Sr), Email: frpaulkottackal@gmail.com, web: *homilieslaity.com*