Laymen’s Reflection on Syro-Malabar Sunday Mass Scripture Readings

മദർ തെരേസയെ അനുഗ്രഹിച്ച വൈദികൻ Editor Sunday Shalom

sshalom

 

ഓറഞ്ച് ഗ്രൂവിലുള്ള കുരിശിലെ വിശുദ്ധ യോഹന്നാന്റെ നാമത്തിലുള്ള ഇടവക വികാരി ഫാ. പ്രിൻസ് കുരുവിളയുടെ മദറിനെക്കുറിച്ചുള്ള സ്മരണകൾ

“മദർ തെരേസ കേരളത്തിൽ വന്ന 1964 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി മദറിനെ കാണുന്നത്. അന്നെനിക്ക് അഞ്ചുവയസേയുള്ളൂ. എന്റെ അങ്കിളായിരുന്ന വൈക്കത്തുള്ള ഫാ. ആന്റണി മണിപാടത്തിന്റെ വീട്ടിലാണ് അന്ന് മദർ താമസിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റിക്കായി പുതിയൊരു ഭവനം പണിയുന്നതിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അക്കാലത്ത് മദറിന്റെ കേരളസന്ദർശനം. ഈശോ സഭാവൈദികനും എന്റെ അങ്കിളുമായ ഫാ. ആന്റണി മണിപ്പാടത്തിന് ഈ ഉദ്യമത്തിൽ മദറിനെസഹായിക്കാനാവും എന്ന് മദറിന്റെ സഹപ്രവർത്തകരാരോ പറഞ്ഞതനുസരിച്ചാണ് അമ്മയുടെ വരവ്. എന്റെ കുടുംബവും മദർ തെരേസയുമായുള്ള സുദീർഘബന്ധത്തിന്റെ തുടക്കവും അങ്ങനെയായിരുന്നു.”

മണിപ്പാടം അച്ചന്റെ വീട്ടിൽ വന്ന് ഒരാഴ്ചയോളം മദർ താമസിച്ചിരുന്നു. അന്ന് എറണാകുളം അതിരൂപതയുടെ അധ്യക്ഷനായിരുന്ന കർദിനാൾ പാറേക്കാട്ടിൽ പിതാവിനെ കണ്ട് ആദ്യമായി എറണാകുളത്ത് ഒരു കോൺവെന്റിന് മദർ തുടക്കമിട്ടു. വൈക്കം ഉദയനാപുരത്തുള്ള സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ വരുമ്പോഴെല്ലാം ഞങ്ങൾക്ക് മെഴുകുതിരികൾ അമ്മ സമ്മാനമായി നൽകും. അന്നത് അത്യപൂർവ്വമായ കാഴ്ചയായിരുന്നു.

1954 ൽ മദർ തെരേസയുടെ സന്യാസസമൂഹത്തിൽ ചേരുന്നതിനായി എന്റെ രണ്ട് ആന്റിമാർ കൊൽക്കത്തയിലേക്ക് പോയി. അന്ന് മഠത്തിൽ ചേർന്ന യുവതികളുടെ ഭവനങ്ങൾ സന്ദർശിക്കാനായി മദർ ഇടയ്ക്കിടെ ഞങ്ങളുടെ ഇടവകയിലും വരാറുണ്ടായിരുന്നു. എന്റെ സഹോദരി മദറിന്റെ സന്യാസിനിസമൂഹത്തിൽ ചേരാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ അപ്പനത് തെല്ലും സമ്മതമായിരുന്നില്ല. കാരണം മക്കളിൽ മൂത്തവളായ കൊച്ചുറാണിയെ അപ്പൻ ഏറെ സ്‌നേഹിച്ചിരുന്നു. മഠത്തിൽ ചേരണമെന്ന് നിർബന്ധപൂർവ്വം കൊച്ചുറാണി അപ്പനെ അറിയിച്ചപ്പോൾ അദേഹം പറഞ്ഞത് പ്രാർത്ഥിച്ച് കാത്തിരിക്കാനാണ്. ഏതായാലും അപ്പന്റെ ഉപദേശം സഹോദരി സ്വീകരിച്ചു. ഒരു വർഷം കഴി യുമ്പോഴേക്കും ചേച്ചിയുടെ മനസ് മാറുമെന്നും തീരുമാനം മാറുമെന്നുമാണ് അപ്പൻ കരുതിയത്. എന്നാൽ ചേച്ചിയുടെ മനസിൽ ആ സ്വപ്‌നം കൂടുതൽ തെളിമയോടെ നിറഞ്ഞു.

ഇതോടെ ഇത് ദൈവഹിതമാണെന്ന് അപ്പനും തിരിച്ചറിഞ്ഞു. അദ്ദേഹം തന്നെയാണ് സഹോദരിയെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തിൽ കൊണ്ടുപോയി വിട്ടത്. റെയിൽവേ സ്റ്റേഷനിൽ മദർ കാത്തുനിന്നിരുന്നു. സഹോദരിക്ക് അവിടെ വച്ച് സിസ്റ്റർ അൽഫോൻസ എന്ന പേരും അമ്മ നൽകി.

കൊൽക്കത്തയിലെ നോവീസുമാരുടെ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട സഹോദരിക്ക് കുടുംബാംഗങ്ങളെ കാണണമെന്ന് ഒരിക്കൽ ആഗ്രഹം തോന്നി. സന്യാസസമൂഹത്തിലെ നിയമപ്രകാരം പത്ത് വർഷത്തിലൊരിക്കൽ മാത്രമാണ് ഭവനസന്ദർശനത്തിന് അനുമതിയുള്ളത്. എങ്കിലും വീട്ടിലെത്താനുള്ള ആഗ്രഹം അതിശക്തമായപ്പോൾ സഹോദരി മദറിന് കത്തെഴുതി. അതിനുള്ള മദറിന്റെ മറുപടി ഇപ്രകാരമായിരുന്നു- ”എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്കും ആഗ്രഹമുണ്ട് സിസ്റ്റർ അൽഫോൻസ. പക്ഷേ, ഞാനവരെ വിട്ടിട്ട് ഇപ്പോൾ 40 വർഷം കഴിഞ്ഞു. നമ്മളിരുവരും യേശുവിന് ജീവിതം സമർപ്പിച്ചവരാണല്ലോ.’ വീട്ടിൽ പോകാനുളള ആഗ്രഹം ദൈവഹിതത്തിന് സമർപ്പിക്കാൻ സഹോദരിക്ക് ആ കത്തിലെ വരികൾ മാത്രം മതിയായിരുന്നു.

വ്യക്തിപരമായി മദർ ചേച്ചിക്കെഴുതിയ കത്തുകൾ മൂന്നു വർഷങ്ങൾക്കുമുമ്പ് ചേച്ചി മരിച്ചപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റി കുടുംബത്തിലേക്ക് നൽകിയിരുന്നു. ഇവ വലിയൊരു നിധിയായി ഞങ്ങളിന്നും സൂക്ഷിക്കുന്നുണ്ട്. എന്റെ കുടുംബവുമായി മദർ തെരേസയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്നു. കാരണം ആറുപേർ ഞങ്ങളുടെ കുടുംബത്തിൽനിന്ന് മിഷനറീസ് ഓഫ് ചാരിറ്റിയിൽ സിസ്റ്റേഴ്‌സ് ആയിരുന്നു. ഇന്ന് രണ്ടുപേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.

അപ്പൻ മരിച്ചപ്പോൾ ചേച്ചി നോവിഷ്യേറ്റിൽ ആയിരുന്നതിനാൽ വീട്ടിൽ വന്നിരുന്നില്ല. അന്ന് എന്റെ അമ്മച്ചിക്ക് അനുശോചനം അറിയിച്ചുകൊണ്ടുള്ള കത്ത് മദർ തന്നെയാണ് എഴുതിയത്.
കുർബാനയ്ക്ക് വരുമ്പോൾ മദർ തെരേസ മറ്റു സിസ്റ്റേഴ്‌സിന്റെ കൂടെതന്നെയായിരുന്നു. പ്രത്യേകിച്ച് യാതൊരു സ്ഥാനവും സ്വീകരിച്ചിരുന്നില്ല. കുർബാന സ്വീകരിക്കാൻ മറ്റുള്ള സിസ്റ്റേഴ്‌സിന്റെ ഇടയിൽ ഒരു സാധാരണ സിസ്റ്ററിനെപ്പോലെ വന്നിരിക്കും. യാതൊരു പ്രാധാന്യവും മദർ ഇഷ്ടപ്പെട്ടിരുന്നില്ല. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ ദാസനായിരിക്കണം എന്ന ഈശോയുടെ വാക്കുകൾ മദറിന്റെ ജീവിതത്തിൽ ഉടനീളം പ്രതിഫലിച്ചിരുന്നു.

ഒരിക്കൽ ഞാൻ സഹോദരി, സിസ്റ്റർ അൽഫോൻസയെ കാണുവാൻ കൽക്കട്ടയ്ക്ക് പോയി. അന്ന് മദറും അവിടെയുണ്ടായിരുന്നു. മടങ്ങുന്നതിനുമുമ്പ് മദറിനോട് യാത്ര പറഞ്ഞപ്പോൾ ചേച്ചിയെ മദർ അടുത്തേക്ക് വിളിച്ചിട്ട്, എന്നോട് പറഞ്ഞു. ”അച്ചൻ പോകുന്നതിന് മുമ്പ് ഞങ്ങളെ അനുഗ്രഹിക്കണം.” അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ലോകം മുഴുവൻ ആദരിക്കുന്ന മദർ ഇതാ മുന്നിൽ നമ്രശിരസ്‌കയായി നിൽക്കുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്.

ഒരു വൈദികന്റെ അനുഗ്രഹം യേശുവിന്റെ അനുഗ്രഹമായാണ് മദർ എന്നും കണക്കാക്കിയിരുന്നത്. മദർ തെരേസയെ അനുഗ്രഹിക്കാൻ സാധിച്ചത് എനിക്ക് വൈദിക ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായിരുന്നു.

1952ൽ കൊൽക്കത്തയിലെ കാലിറ്റ് നഗരത്തിൽ അഗതികൾക്കും രോഗികൾക്കും മരണാസന്നർക്കുമായി മദർ തെരേസ ഒരാശുപത്രി ആരംഭിച്ചു. അതിന് മുമ്പ് ആരും ഉപയോഗിക്കാതെ കിടന്ന ഒരു ഹൈന്ദവ ക്ഷേത്രമായിരുന്നു അത്. മദർ അത് ഉപയോഗിക്കാൻ അനുമതി തേടിയപ്പോൾ എല്ലാവരും സമ്മതിച്ചു. പക്ഷേ ഒരു ഹൈന്ദവ പുരോഹിതന്റെ നേതൃത്വത്തിൽ ഏതാനും പേർ ഇതിനെതിരെ സംഘടിച്ചു. എല്ലാ ഹൈന്ദവരെയും മദർ ക്രിസ്ത്യാനികളാക്കുമോ എന്നായിരുന്നു അവരുടെയെല്ലാം ഭയം. എന്നാൽ മദർ അവരോട് പ്രതികരിക്കാതെ പാവങ്ങൾക്ക് വേണ്ടിയുള്ള സേവനം കുറെക്കൂടി ശക്തമായി തുടർന്നുകൊണ്ടിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഹൈന്ദവ പുരോഹിതന് കുഷ്ഠരോഗം ബാധിച്ചു. ആ സമയത്ത് അദേഹത്തെ പിന്തുണക്കാനോ സഹായിക്കാനോ ആരും മുമ്പോട്ട് വന്നില്ല. ഈ സമയത്ത് എല്ലാവരാലും പരിത്യജിക്കപ്പെട്ട ആ മനുഷ്യനെ മദർ തെരേസ തന്റെ ആതുരാലയത്തിലേക്ക് കൊണ്ടുപോ യി സ്‌നേഹത്തോടെ പരിചരിച്ചു. അതോടെ മദറിനെ സ്‌നേഹത്തിന്റെ അവതാരമായി അവരും കാണാൻ തുടങ്ങി.

മദർ ജീവിച്ചിരുന്നപ്പോൾത്തന്നെ ഒരു വിശുദ്ധയായിരുന്നു. ഒരിക്കൽ കുറച്ച് സിസ്റ്റേഴ്‌സ് അനാഥകുട്ടികളെ കുളിപ്പിക്കുകയായിരുന്നു. ഒരു കുട്ടിമാത്രം അനുസരിക്കാതെ കുസൃതി കാട്ടിക്കൊണ്ടിരുന്നു. സിസ്റ്റേഴ്‌സിനാകട്ടെ അവനെ നിയന്ത്രിക്കാനുമായില്ല. ഇത് മനസിലാക്കിയ മദർ തെരേസ വന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അവന് സ്‌നേഹം കിട്ടിയതോടെ, അവൻ ശാന്തനായി നല്ല കുട്ടിയായി. ഒരു വിശുദ്ധയായ വ്യക്തിക്കുമാത്രമേ ഇത്തരത്തിൽ ഒരു ഉൾക്കാഴ്ച ലഭിക്കുകയുള്ളൂ.

മദർ എല്ലാവരിലും യേശുവിനെ ദർശിച്ചു. വലിയവരിലും ചെറിയവരിലും ധനികരിലും ദരിദ്രരിലും കറുത്തവരിലും വെളുത്തവരിലും വിശുദ്ധരിലും പാപികളിലും ക്രിസ്ത്യാനികളിലും അന്യമതസ്ഥരിലും കമ്യൂണിസ്റ്റുകളിൽപോലും മദർ യേശുവിനെ ദർശിച്ചു. എല്ലാവരെയും സ്വന്തം സഹോദരങ്ങളെപ്പോലെ സ്‌നേഹിച്ചു.

സ്വർഗീയ കരുണയുടെ മാനുഷിക മുഖമായിരുന്നു മദർ. സന്യാസിനി സമൂഹത്തിന്റെ സാരിയുടെ ബോർഡറിലുള്ള നീല വര ആ സ്‌നേഹത്തിന്റെ അടയാളമാണ്. ആരെയെങ്കിലും കണ്ടുമുട്ടിയാൽ നെറ്റിയിൽ കുരിശുവരച്ചുകൊണ്ട് ”ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന് മദർ പറയുമായിരുന്നു. എല്ലാവരെയും ഇത്തരത്തിൽ അഭിവാദനം ചെയ്തുകൊണ്ട് മാതാവിന്റെ അത്ഭുതമെഡൽ സമ്മാനമായി നൽകുകയും ചെയ്യുമായിരുന്നു. ഏറ്റവും സ്‌നേഹാദരവുകളോടെ മാത്രമെ മദറിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ എനിക്ക് ഓർമിക്കാൻ സാധിക്കുകയുള്ളൂ.’

http://www.sundayshalom.com/?p=6669

Relections